രാഷ്ട്രീയ പ്രീണനങ്ങളില്‍ അഭിരമിക്കുന്ന സഭാ നേതൃത്വം
"നരേന്ദ്രമോദി മികച്ച നേതാവാണ്. ആരുമായും അദ്ദേഹം തര്‍ക്കത്തിനു പോകുന്നില്ല. കേരളത്തില്‍ ബിജെപിക്ക് സാധ്യതയുണ്ട്. ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ല. ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിന് മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്"... ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളാണിത്.
റബ്ബര്‍ വില 300 രൂപ ആക്കിയാല്‍ ബിജെപിക്ക് ഒരു പാര്‍ലമെന്റ് അംഗത്തെ തരാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാഗ്ദാനത്തിനു പിന്നാലെയാണ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാട്. ബിജെപി ചായ്‌വ് സ്വീകരിക്കുന്ന മതമേലധ്യക്ഷന്മാര്‍ കഴിഞ്ഞകാല സഭാ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നതു നന്നായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും മതപരിവര്‍ത്തനം ആരോപിച്ച് വൈദികര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ മറ്റു ചിലരെ കൂടി പരിചയപ്പെടാം.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി | Photo: Facebook
2023 ഫെബ്രുവരി 19 ന് ഡല്‍ഹിയിലെ ജന്ദര്‍മന്ദര്‍, ഒരു കൂട്ടം ക്രൈസ്തവ വിശ്വാസികളാല്‍ ജനസാന്ദ്രമായിരുന്നു. 'ഇനിയും ഞങ്ങളെ കൊല്ലരുതേ... ഞങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കരുതേ' എന്നാണവര്‍ പ്ലക്കാര്‍ഡുകളുമായി ആര്‍ത്തു വിളിച്ചത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നിന്നും ആയിരത്തോളം ക്രൈസ്തവ വിശ്വാസികളാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികള്‍ പോലീസ് സംരക്ഷണയിലാണ് ഇത്തവണ വിശുദ്ധവാരാചരണം ആചരിച്ചത്.
2014 ല്‍ 127 അക്രമങ്ങളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നത്. 2022 ല്‍ 600 കേസുകള്‍ ഉത്തര്‍പ്രദേശില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായി. ഇതില്‍ 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും പ്രതിഷേധക്കാര്‍ പറയുന്നു. 2020 ലും 21 ലും ക്രിസ്തുമസിന് മുന്നോടിയായി 104 അക്രമങ്ങള്‍ നടന്നു. 2014 ന് ശേഷം ഓരോ വര്‍ഷവും രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ തന്നെ പറയുന്നുണ്ട്.
അമേരിക്കയില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഒരു ക്രിസ്ത്യന്‍ സംഘടനയായ ഫിയാകോന (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് അമേരിക്ക) 2023 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ 1198 ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടതായാണ് കണക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അക്രമങ്ങളില്‍ 157 ശതമാനം വര്‍ധന ഉണ്ടായതായും പറയുന്നു. ദേശീയ സുരക്ഷ ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതരെ തടവിലാക്കുന്നതും അടുത്തിടെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2022 ല്‍ 88 പുരോഹിതന്മാരും പാസ്റ്റര്‍മാരും ആക്രമിക്കപ്പെട്ടു. 88 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഇതിനൊന്നും കാരണമായവര്‍ പിടിക്കപ്പെട്ടിട്ടില്ല എന്നത് ഏറെ വിചിത്രവുമാണ്.
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഗോത്രവർഗ ക്രിസ്ത്യാനികൾ പ്രതിഷേധിക്കുന്നു | Photo: Facebook
2023 ലെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലുടനീളം ക്രൈസ്തവര്‍ക്കെതിരെ 200 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡല്‍ഹി അതിരൂപതയുടെ ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളും ക്രൈസ്തവ സഭാ ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുണ്ട്.
1999 ജനുവരി 22 നാണ് ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ മതപ്രചാരകനായ ഗ്രഹാംസ്റ്റെയിന്‍സും മക്കളായ ഫിലിപ്പ്(10) തിമോത്തി (9) എന്നിവരെ ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങളില്‍ 35 വര്‍ഷത്തോളം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഗ്രഹാംസ്റ്റെയിന്‍സ്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികള്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും മക്കളെയും കൊന്നുതള്ളിയത്. രാജ്യത്തെ നടുക്കിയ ഈ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയ അന്നത്തെ ഒഡീഷ ബജറംഗ്ദള്‍ തലവനായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി പിന്നീട് മോദി സര്‍ക്കാരിലെ മന്ത്രിയായി.
2021 മാര്‍ച്ച് 19 നാണ് ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാലുപേര്‍ക്കെതിരെ ട്രെയിനില്‍ വച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡീഷയില്‍ നിന്നുള്ള രണ്ടു കന്യാസ്ത്രീ വിദ്യാര്‍ത്ഥിനികളെ വീട്ടിലാക്കുന്നതിനുവേണ്ടി മലയാളിയായ ഒരു കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും ഡല്‍ഹിയില്‍ നിന്നും വരുന്ന വഴിയായിരുന്നു സംഭവം. സാധാരണ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന വിദ്യാര്‍ത്ഥിനികളായ കുട്ടികളെ മതപരിവര്‍ത്തനത്തിനായി കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഗ്രഹാംസ്റ്റെയിന്‍സും കുടുംബവും | Photo : Facebook
നീതിയുടെ വാതിലുകള്‍ക്കു മുന്നില്‍ ജീവനുവേണ്ടി മുട്ടിത്തളര്‍ന്ന വന്ദ്യവയോധികനായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ജെസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ ഭീമ-കൊറെഗാവ് കേസില്‍ 2020 ഒക്ടോബര്‍ എട്ടിനാണ് യുഎപിഎ ചുമത്തി ജയിലിലടച്ചത്. പാര്‍കിന്‍സണ്‍ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മാനുഷിക പരിഗണനകള്‍പോലും നല്‍കാതെയാണ് അധികാരികള്‍ അദ്ദേഹത്തെ വേട്ടയാടിയത്. ഝാര്‍ഖണ്ഡിലെ അവികസിത മേഖലയിലെ ആദിവാസി-ദലിത് പ്രശ്നങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.
ഖനനത്തിനു വേണ്ടി ആദിവാസി ഭൂമി കയ്യേറാന്‍ വന്നവരെ കോടതി കയറ്റിയ വ്യക്തിയായിരുന്നു സ്റ്റാന്‍ സ്വാമി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവ് ഗ്രാമത്തില്‍ 2018 ജനുവരി ഒന്നിന് കൊറെഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആചരിക്കാന്‍ ദലിത് സംഘടനകള്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത് കലാപത്തിനു പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
ഇവരുടെ ലാപ്ടോപില്‍ നിന്നും കണ്ടെത്തി എന്ന് പറയപ്പെടുന്ന ഫയലുകള്‍ കൃത്രിമമായി ഹാക്ക് ചെയ്ത് സൃഷ്ടിച്ചവയാണെന്ന് അന്താരാഷ്ട്ര ലാബ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേസില്‍ തുടരന്വേഷണം പോലും നടന്നില്ല.
ഫാ. സ്റ്റാന്‍ സ്വാമി | Photo: PTI
ഈ വസ്തുതകളൊക്കെ നഗ്‌നസത്യങ്ങളായി തുടരവേയാണ് ബിജെപി ഭരണത്തില്‍ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതരാണെന്ന് മാര്‍ ആലഞ്ചേരി പറയുന്നത്. സഭയുടെ ചരിത്ര ഏടുകളില്‍ രക്തസാക്ഷിത്വം വഹിച്ച് ഇടം നേടിയവരെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ഇടയ്ക്കൊക്കെ ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നാണ് സഭാ നേതൃത്വത്തിന്റെ കൂറുമാറ്റത്തില്‍ വിശ്വാസികളായ ആളുകള്‍ ആവശ്യപ്പെടുന്നത്.
എതിര്‍പ്പിന്റെ ശബ്ദങ്ങള്‍
ആലഞ്ചേരിയുടെ പ്രസ്താവന വാര്‍ത്തയായ ഉടനെ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ വിയോജിപ്പുമായി രംഗത്തുവന്നിരുന്നു. രാജ്യത്ത് പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടും ക്രിസ്ത്യാനികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ബിജെപി സര്‍ക്കാര്‍ അതിനെ അപലപിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അവരുടെ മൗനസമ്മതമുണ്ടോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സീറോ മലബാര്‍ സഭയില്‍ നിന്നുതന്നെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ എതിര്‍ത്തുകൊണ്ട് നിലപാടുകള്‍ വന്നിട്ടുണ്ട്. ആലഞ്ചേരിയുടെ രാഷ്ട്രീയം സഭയുടെ ഔദ്യോഗിക നിലപാടല്ല എന്ന് സഭാ വക്താവ് പറഞ്ഞു.
ആലഞ്ചേരിയുടെ പ്രസ്താവനയോടെ കേരള രാഷ്ട്രീയത്തിലെ തന്നെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ തള്ളിപ്പറയാന്‍ സംഘപരിവാര്‍ തയ്യാറുണ്ടോയെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചോദിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കളില്‍ ഒന്ന് മിഷനറിമാരും ക്രിസ്ത്യാനികളുമാണെന്നാണ് വിചാരധാര പറയുന്നത്. അതേസമയം, ക്രിസ്ത്യാനികള്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് പറയുന്ന ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലുമുണ്ട്. ഇവയെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത നാടിനുണ്ടെന്നുമാണ് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ വിശദീകരണം.
ബിജെപിയുടെ തന്ത്രങ്ങള്‍
ഹൈന്ദവ ഭവനങ്ങളില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കരുതെന്ന് പറഞ്ഞു നടന്നവര്‍ ഇപ്പോഴിതാ അരമനകളും പള്ളികളും കയറിയിറങ്ങി നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളം പിടിക്കാന്‍ ബിജെപി, സഭാ അധ്യക്ഷന്‍മാരുടെ വാക്കുകളെ പിന്‍പറ്റി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും അരമനകളിലും സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ബിജെപിയിലെ വിവിധ നേതാക്കന്മാര്‍ വരെ പിതാക്കന്മാരുടെ പ്രസ്താവനയ്ക്കു പിന്നാലെ സൗഹൃദകൂടിച്ചേരലുകള്‍ നടത്തി.
ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി മുസ്ലീം വിരോധം പെരുപ്പിച്ചുകാട്ടുന്ന പ്രവണത സമീപകാലങ്ങളില്‍ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. ലൗ ജിഹാദ് വിവാദവും അതിന്റെ തുടക്കമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീംങ്ങള്‍ വലയിലാക്കുന്നു എന്ന പ്രചാരണവും ക്രിസ്ത്യാനികളെ വൈകാരികമായി ഇളക്കാന്‍ കാരണമായി. ബിഷപ്പ് പാംപ്ലാനി ഇത്തവണത്തെ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളില്‍ ഇറക്കിയ ഇടയലേഖനത്തിലും ഈ വിഷയം ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.
മാര്‍ ജോസഫ് പാംപ്ലാനി | Photo: Wiki Commons
ആലഞ്ചേരിയും കത്തോലിക്കാസഭയും
തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെടുന്ന മതമേലദ്ധ്യക്ഷനാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കാക്കനാട്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍പനയില്‍ ക്രമക്കേട് നടത്തി സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ആലഞ്ചേരിക്കെതിരെ രൂക്ഷമാകുന്ന ആരോപണം. കേസില്‍ ആലഞ്ചേരി അടക്കം 24 പേരാണ് പ്രതികളായി ഉള്ളത്. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും ഇഡി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ഭൂമിയിടപാട് സംബന്ധിച്ച കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. കേസില്‍ നടപടികള്‍ തുടരാനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കേസുകള്‍ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏകീകൃത കുര്‍ബാനയുടെ പേരില്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് ബസലിക്കയ്ക്ക് മുന്നില്‍ നടന്ന സംഘര്‍ഷങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ കത്തോലിക്കാ സഭയിലെ വലിയ വിഭാഗം വിശ്വാസികള്‍ ആലഞ്ചേരി പിതാവിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് പുതിയ വിവാദങ്ങള്‍ക്ക് കര്‍ദിനാള്‍ തിരികൊളുത്തിയിരിക്കുന്നത്.
കേസുകളുടെ ഊരാക്കുടുക്കിലാണ് ഇന്ന് സീറോ മലബാര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കര്‍ദിനാള്‍ പക്ഷം. സഭാ നേതൃത്വത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും സാധാരണ വിശ്വാസികളില്‍ വെറുപ്പുളവാക്കുന്നതുകൊണ്ടു തന്നെ അവരില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലധിഷ്ഠിതമായിരുന്ന സഭാ നേതൃത്വത്തിന്റെ സംഘപരിവാര്‍ ചായ്‌വ് വിശ്വാസികളായ വോട്ടര്‍മാര്‍ അനുസരിക്കുമോ എന്നതു കണ്ടുതന്നെ അറിയേണ്ടതാണ്. പൗരോഹിത്യ കേന്ദ്രീകൃത ഭരണമാണ് കത്തോലിക്കാ സഭാ ഇപ്പോഴും തുടരുന്നതെങ്കിലും വൈദികരുടെ വാക്കുകളെ വിലകല്പിക്കുന്ന പഴയകാല വിശ്വാസികള്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി.
താമര വിരിയിക്കാനുള്ള ബിജെപിയുടെ തന്ത്രം തുടങ്ങിയതുതന്നെ സാധാരണക്കാരായ ക്രിസ്ത്യാനികളില്‍ കടുത്ത മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ചാണ്. അതിനായി ലൗ ജിഹാദ് തന്നെ മുന്നില്‍ നിര്‍ത്തി. ഒപ്പം ഹാഗിയ സോഫിയ, കുടിയേറ്റ മേഖലകളിലെ റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള്‍, പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ട് കേസ്, അഫ്ഗാന്‍ താലിബാന്‍ വിഷയങ്ങളും കൂടുതലായി പ്രചരിപ്പിക്കപ്പെട്ടു. ഇതെല്ലാം ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളില്‍ മുസ്ലീം വിരുദ്ധത ഊട്ടിവളര്‍ത്താനിടയാക്കി. മുസ്ലീംങ്ങള്‍ ക്രൈസ്തവര്‍ക്കു കടുത്ത ഭീഷണിയാണെന്നും മുസ്ലീംവിരുദ്ധത പേറുന്ന ബിജെപിയോട് ചേര്‍ന്നു നിന്നാലെ രക്ഷയുള്ളൂവെന്ന വാദവും ക്രൈസ്തവര്‍ക്കിടയില്‍ സജീവമായി. തലശ്ശേരി, പാല മെത്രാന്‍മാരായിരുന്നു ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം. തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെയും, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും ലൗ ജിഹാദ് പ്രസ്താവനകള്‍ ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ആക്കംകൂട്ടി. ഇതിനു കൂടുതല്‍ വ്യക്തത നല്കുന്നതായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ ദിനത്തിലെ വാക്കുകള്‍.
കത്തോലിക്കാ സഭയിലെ ഭൂരിഭാഗം പിതാക്കന്മാരും വൈദീകരും ഇപ്പോള്‍ ആത്മീയ കാര്യങ്ങളേക്കാള്‍ ഊന്നല്‍ നല്‍കുന്നത് രാഷ്ട്രീയ കാര്യങ്ങളിലാണ്. ഭൂമിയിടപാടു മുതല്‍ കണക്കില്‍പ്പെടാത്ത പലതും മറച്ചുവയ്ക്കണമെങ്കില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റുക തന്നെ വേണം. വിശ്വാസികളുടെ പ്രവൃത്തിയില്‍ തെറ്റുപറ്റിയാല്‍ ദൈവകോപത്തെക്കുറിച്ചും ശിക്ഷാവിധിയെക്കുറിച്ചും പറയുന്നവര്‍ക്ക് സ്വന്തം തെറ്റുകളില്‍ ഇവയൊന്നും ബാധകമല്ല. എന്തിനും ഏതിനും കാനന്‍ നിയമത്തെ കൂട്ടുപിടിക്കുന്നവര്‍ കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് സഭ എന്ന സ്ഥാപനവും വൈദിക നേതൃത്വവും അകന്നു നില്‍ക്കണമെന്ന കാനന്‍ നിയമത്തെ കണ്ടില്ലെന്നു നടിക്കരുത്.